ചെന്നൈ: കോയമ്പത്തൂരിൽ പെരിയാർ പ്രതിമയിൽ കുങ്കുമനിറം വിതറിയ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അന്തരിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി രാമസ്വാമി പെരിയാറിന്‍റെ പ്രതിമയെ അജ്ഞാതർ അപമാനിച്ചു. വിദ്വേഷങ്ങൾക്ക് ഒരു പ്രതിഭയെ അപമാനിക്കാൻ സാധിക്കില്ല, ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവും രാഷ്ട്രീയക്കാരനുമായ അദ്ദേഹം 'ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ പിതാവ്' എന്നാണ് അറിയപ്പെടുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറച്ചു.
കോയമ്പത്തൂരിലെ സുന്ദരപുരത്ത് കഴിഞ്ഞ ദിവസം ചിലർ ചേർന്ന് പെരിയാറിന്‍റെ പ്രതിമയിൽ കുങ്കുമനിറം വിതറി. പെരിയാറിന്‍റെ നാട്ടുകാരും പിന്തുണക്കാരും ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തു. സംഭവത്തിൽ ദ്രാവിഡർ കഴകം പ്രവർത്തകർ പരാതി സമർപ്പിച്ചു. ചില സാമൂഹ്യവിരുദ്ധർ പ്രതിമയിൽ കുങ്കുമനിറം എറിഞ്ഞു. പെരിയാറിനെ പിന്തുണക്കുന്നവരും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പ്രതിമ വൃത്തിയാക്കിയതായി പൊലീസ് പറഞ്ഞു. എംഡിഎംകെ അധ്യക്ഷൻ വൈകൊ സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു. പെരിയാർ പ്രതിമ സാമൂഹ്യനീതിയുടെ പാതയാണെന്ന് ഡിഎംകെ എംപി കനിമൊഴി കരുണാനിധി ട്വിറ്ററിൽ കുറിച്ചു. ഡിഎംകെ പ്രതിഷേധ പ്രകടനം നടത്തുകയും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.