പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സ്വാഗതം ചെയ്‌തു. വികസനങ്ങൾ മുന്നിൽകണ്ട് ബിഹാർ ജനത എൻഡിഎയെ തന്നെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അദ്ദെഹം കൂട്ടിചേർത്തു.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമാണെന്ന് ബിഹാർ ബിജെപി തെരഞ്ഞെടുപ്പ് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നിത്യാനന്ദ് റായ് പറഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പ്രവർത്തനങ്ങളും ബിഹാർ സർക്കാരിന്‍റെ നേട്ടങ്ങളും തെരഞ്ഞെടുപ്പിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും കൊവിഡ് പകർച്ചവ്യാധി സമയത്ത് കേന്ദ്രസർക്കാർ ബിഹാറിലെ കുടിയേറ്റ തൊഴിലാളികൾക്ക് സൗകര്യങ്ങൾ ഒരുക്കിയതും രാജ്യത്തെ 84 കോടിയിലധികം ആളുകൾക്ക് ആറുമാസത്തേക്ക് സൗജന്യ റേഷൻ നൽകിയതുമൊക്കെ ജനങ്ങൾ ഓർക്കുമെന്നും മോദി സർക്കാരിനു മാത്രമേ സംസ്ഥാനത്തിന്‍റെ വികസനം വേഗത്തിലാക്കാന്‍ കഴിയൂവെന്ന് ബിഹാറിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പ്രശ്‌നങ്ങളോടൊപ്പം ദേശീയ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമാകുമെന്ന് ബിഹാർ മുൻ ബിജെപി പ്രസിഡന്‍റും ഉജിയാർപൂർ ലോക്‌സഭാ എംപിയുമായ റായ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ സാമൂഹികമായും രാഷ്ട്രീയമായും വളരെ പക്വതയുള്ളവരാണ്. അഴിമതിക്കും ഭരണകൂട ദുരുപയോഗത്തിനും പേരുകേട്ട രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് നടക്കുകയെന്നും നവംബർ 10 ന് വോട്ടെണ്ണൽ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചു. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 29 ന് അവസാനിക്കും.