ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അടുത്ത മൂന്ന് വർഷത്തേക്ക് ജനതാദൾ (യുണൈറ്റഡ്) പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുത്തു. ബുധനാഴ്ച നടന്ന പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജെഡിയുവിനെ ദേശീയ പാർട്ടിയെന്ന പദവിയിലേക്കുയർത്തുമെന്നും ബീഹാറിന് പുറത്തേക്ക് പാർട്ടിയെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും യോഗത്തിൽ നിതീഷ് കുമാർ പറഞ്ഞു.
ഝാർഖണ്ഡ്, ഡൽഹി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ അടിത്തറ വിപുലീകരിക്കുക എന്നതാണ് പാർട്ടി പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലും ഝാർഖണ്ഡിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും ജെഡിയു ജനറൽ സെക്രട്ടറി യോഗത്തിൽ അറിയിച്ചു.