ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണും. 20 ലക്ഷം കോടി രൂപയുടെ കൊവിഡ് പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളെ കാണുന്നത്. പാക്കേജിന്‍റെ വിശദാംശങ്ങള്‍ മന്ത്രി രാജ്യത്തെ അറിയിക്കും. ബുധനാഴ്ച രാവിലെയാണ് ഇക്കാര്യം ധനമന്ത്രി ട്വീറ്റ് ചെയ്തതത്.
ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന ഏഷ്യന്‍ രാഷ്ട്രമാണ് ഇന്ത്യ. 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' എന്ന പേരിലാണ് പ്രധാനമന്ത്രി പാക്കേജ് പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനങ്ങളും ധനമന്ത്രി ഇന്ന് ജനങ്ങളെ അറിയിക്കും. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 10 ശതമാനമാണ് പാക്കേജായി പ്രഖ്യാപിക്കുന്നത്. രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ക്ക് അടക്കമാണ് പാക്കേജ് പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. സ്വയം പര്യാപ്തമായ ഇന്ത്യയെ വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമാണ് പാക്കേജ് ഊന്നല്‍ നല്‍കുന്നത്. രാജ്യത്തെ മധ്യവര്‍ഗത്തിന് ഗുണം ചെയ്യുന്ന പാക്കേജാണ് പുറത്തിറക്കുക. ആരാണോ ടാക്സ് അടയ്ക്കുന്നത് അവര്‍ രാജ്യത്തിന്‍റെ വികസനത്തിന്‍റെ ഭാഗമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ നടപ്പാക്കിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.