ന്യൂഡല്‍ഹി: ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണറെ സമീപിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കണമെന്നാണ് അഭിഭാഷകനായ എ.പി സിങ് മുഖാന്തിരം സമര്‍പ്പിച്ചിരിക്കുന്ന ആവശ്യം. കേസില്‍ വിനയ് ശര്‍മയ്‌ക്ക് വധശിക്ഷ നല്‍കേണ്ടതില്ല. ഇത്തരം കേസുകളില്‍ ജീവപര്യന്തം ശിക്ഷ നല്‍കാറുണ്ട്. പ്രതിയുടെ പ്രായവും, സാമ്പത്തിക - സാമൂഹിക ചുറ്റുപാടും പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കണമെന്ന് അപേക്ഷിക്കുന്നതായും എ.പി സിങ് ഗവര്‍ണറെ ബോധിപ്പിച്ചു.
കഴിഞ്ഞ അഞ്ചാം തിയതിയാണ് പ്രതികള്‍ക്ക് മരണവാറന്‍റ് പുറപ്പെടുവിച്ചത്. പ്രതികളായ മുകേഷ് കുമാര്‍ സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍, പവന്‍ കുമാര്‍ ഗുപ്‌ത എന്നിവരെ ഈ മാസം 20ന് രാവിലെ 5.30ന് തൂക്കിലേറ്റണമെന്നാണ് ഉത്തരവ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. കേസില്‍ നാലാം തവണയാണ് മരണ വാറന്‍റ് പുറത്തിറക്കുന്നത്. പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് ആറ് മണിക്ക് നടപ്പിലാക്കാന്‍ വിചാരണ കോടതി ഫെബ്രുവരി 17ന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഹര്‍ജികളുമായി മുന്നോട്ട് പോയതോടെ വധശിക്ഷ നടപ്പാക്കിയില്ല. 2012ലാണ് ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ട ബലാത്സംഗത്തിനിരയാകുന്നത്. കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാംസിംഗ് തിഹാല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങി മരിച്ചു.