ന്യൂഡല്‍ഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണമെന്നുള്ള ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. മാര്‍ച്ച് അഞ്ചിന് ഹര്‍ജി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. വിചാരണ കോടതി മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കണമെന്ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നാലു കുറ്റവാളികളെയും വെവ്വേറെ തൂക്കിലേറ്റണമെന്നുള്ള കേന്ദ്രത്തിന്‍റെ അപ്പീല്‍ പരിഗണിക്കുന്നത് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റിവെക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കിയത്. കേന്ദ്രവും ഡല്‍ഹി സർക്കാരും സമർപ്പിച്ച അപ്പീല്‍ ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ, നവീൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്.
വധശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. 2017 ൽ സുപ്രീംകോടതി അപ്പീൽ നിരസിച്ചതിനുശേഷം മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കാത്തതിന് കോടതി കുറ്റപ്പെടുത്തി. മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവർക്കാണ് മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് വിചാരണ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. ശിക്ഷിക്കപ്പെട്ട നാല് തടവുകാരോടും കേന്ദ്രത്തിന്‍റെ അപ്പീലിന് മറുപടി നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
മുകേഷ്, വിനയ്, അക്ഷയ് എന്നീ മൂന്ന് പ്രതികളുടെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. പ്രതിയായ പവൻഗുപ്ത ഇതുവരെ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത വിനയ് ശര്‍മയുടെ അപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. 2012 ഡിസംബർ 16 നാണ് 23 വയസുള്ള ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രണ്ടാഴ്ച ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. നാല് പ്രതികളും ഒരു ജുവനൈലും ഉൾപ്പെടെ ആറ് പേര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. കേസിൽ വിചാരണ ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം തിഹാർ ജയിലിൽ പ്രതികളിലൊരാളായ രാം സിംഗിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലയളവിന് ശേഷം 2015ല്‍ വെറുതെ വിട്ടു.