ന്യൂഡൽഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റിയ ശേഷം ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് വിട്ടു നല്‍കണമെന്നും അവരുടെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും ആവശ്യപ്പെട്ട് മുന്‍ മുംബൈ ഹൈക്കോടതി ജഡ്‌ജി സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി തള്ളി.
ഇത്തരം പൊതുതാല്‍പര്യ ഹര്‍ജികള്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. കുറ്റവാളികളായാലും അവര്‍ സ്വയമോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ വഴിയോ ഇങ്ങനെയൊരു തീരുമാനമെടുക്കണം. എങ്കില്‍ മാത്രമേ അത് നടപ്പിലാക്കാന്‍ കഴിയു എന്നും ജസ്റ്റിസ് ആര്‍. ഭാനുമതി, എ.എസ്.ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മുംബൈ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മൈക്കൽ എഫ്.സൽദന്നയാണ് വീണ്ടും സബ്മിഷന് മുതിര്‍ന്നപ്പോള്‍ അപേക്ഷ തെറ്റാണെന്ന് ബെഞ്ച് വ്യക്തമാക്കി.
ഒരാളെ വധിക്കുക എന്നത് കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ അവസ്ഥയാണ്. അവരുടെ ശരീരം കഷണങ്ങളാക്കണമെന്നാണ് നിങ്ങളുടെ അപേക്ഷകളിലൂടെ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ കുറച്ച് മാനുഷിക പരിഗണന നല്‍കേണ്ടതുണ്ട്. അവയവ ദാനം സ്വമേധയാ ചെയ്യേണ്ടതാണെന്നും ബെഞ്ച് ആവര്‍ത്തിച്ച് പറഞ്ഞു.
എല്ലാ വധശിക്ഷകളുടെയും കാര്യത്തിൽ ഇത്തരത്തിലൊരു ഉപാധി കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മുകേഷ് താക്കൂര്‍ (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവര്‍ക്കാണ് കേസില്‍ വധശിക്ഷക്ക് മരണ വാറണ്ട് ലഭിച്ചത്.
2012 ഡിസംബർ 16നാണ് ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്. ഒരു തിരുത്തൽ ഭവനത്തിൽ മൂന്ന് വർഷം ചെലവഴിച്ചതിന് ശേഷമാണ് ജുവനൈൽ 2015ൽ മോചിപ്പിക്കപ്പെട്ടത്.