ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നാവിശ്യപ്പെട്ട് സമർപ്പിച്ച ഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് വിനയ് ശര്‍മ്മ വീണ്ടും കോടതിയെ സമീപിച്ചത്. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയിലെ നടപടിക്രമത്തില്‍ വീഴ്ചയുണ്ടെന്നും ഭരണഘടനാപരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പുതിയ ഹര്‍ജി സമർപ്പിച്ചത്.
വെള്ളിയാഴ്ച ഹൈക്കോടതി രജിസ്ട്രിയില്‍ കേസ് ഫയല്‍ ചെയ്തതായി വിനയ് ശര്‍മയുടെ അഭിഭാഷകനായ എപി സിങ് വ്യക്തമാക്കി. വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന് കാണിച്ച് ഡല്‍ഹി സര്‍ക്കാര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ഒപ്പിട്ടിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ശുപാര്‍ശ ലഭിച്ചതിന് പിന്നാലെയാണ് വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫെബ്രുവരി ഒന്നിന് തള്ളിയത്. ഈ മാസം 20 നാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.