ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈൻ ഓഫീസിലെ ഒമ്പത് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയോടെ വന്ന റിപ്പോർട്ടുകളിലാണ് സ്ഥിരീകരണം. ഗോംതി നഗറിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 700 ഓളം ജീവനക്കാരുണ്ട്.അതേസമയം, ഹെൽപ്പ് ലൈൻ ഓഫീസിൽ ജോലി ചെയ്യുന്നവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും സെക്രട്ടറിയേറ്റുമായും ബന്ധമില്ലെന്ന് സർക്കാർ അറിയിച്ചു. രോഗബാധിതർ ചികിത്സയിലാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തും. ഓഫീസിലെ മറ്റ് ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം 56 കാരനായ പൊലീസ് ഇൻസ്പെക്ടർ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷൻ സീൽ വച്ചുപൂട്ടി. സ്റ്റേഷനിൽ ഒപ്പമുണ്ടായിരുന്ന അഞ്ച് പൊലീസുകാർ ക്വാറന്റൈനിൽ ആണ്.