ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക. ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി, എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തന ഗൗഡര്‍, എസ്. അബ്ദുൾ നസീർ, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
2019 നവംബർ പതിനാലിനാണ് പുനപരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒമ്പതംഗ വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്. എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ ഇരുപത്തിയെട്ടിലെ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനപരിശോധനാ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. വിധിക്കെതിരെ അറുപതോളം പുനപരിശോധനാ ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ ഉൾപ്പെടെ മറ്റ് മത വിഷയങ്ങളും ബെഞ്ചിന്‍റെ പരിഗണനയിലുണ്ടാകും.