ന്യൂഡൽഹി: കെഎൽഎഫ് മയക്കുമരുന്ന്-തീവ്രവാദ കേസിൽ ദേശീയ അന്വേഷണ ഏജൻസി പത്ത് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മൊഹാലിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ജജ്ബീർ സിംഗ് സമ്ര, ഹർപ്രീത് സിംഗ്, വരിന്ദർ സിംഗ് ചഹാൽ, നിർമൽ സിംഗ്, സത്പാൽ സിംഗ്, ഹിരാലാൽ, ഹർജിത് സിംഗ്, ജാസ്‌മീത് സിംഗ് ഹക്കിംസാദ, ഹർമീത് സിംഗ്, ജസ്ബീർ സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ.
2019 മെയ് 31 നാണ് 500 ഗ്രാം മയക്കുമരുന്നും, 1,20,000 രൂപയും മൂന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. ഈ വർഷം ജനുവരി 22 നാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്‌തത്. നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിന്‍റെ (കെഎൽഎഫ്) നേതാവാണ് ഹർമീത് സിംഗ്. ദുബായ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാരനും പണമിടപാടുകാരനുമാണ് ജാസ്‌മീത് സിംഗ് ഹക്കിംസാദ. പഞ്ചാബ്, ഡൽഹി, ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത്, തീവ്രവാദം, ഹവാല ഇടപാടുകൾ എന്നിവയിൽ പ്രധാനികളായ ഇരുവരും ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിയമപ്രകാരം അവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എൻഐഎ അറിയിച്ചു.