ശ്രീനഗർ :അതിർത്തി കടന്നുള്ള തീവ്രവാദ ധനസഹായത്തിന്‍റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയുടെ നാല് അതിർത്തികളിലും റെയ്‌ഡ് നടത്തിവരുന്നു. ചില വീടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. എൻഐഎയും സംസ്ഥാന പൊലീസും കേന്ദ്ര റിസർവ് പോലീസ് സേനയുടെ സൈനികരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ജമ്മു കശ്‌മീരിലെ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെ ശക്തമായി അടിച്ചമർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു.
തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ വിശദമായ ചോദ്യം ചെയ്യലിനായി മസാരത്ത് ആലത്തെ ജമ്മു കശ്‌മീർ ജയിലിൽ നിന്ന് എൻഐഎ കഴിഞ്ഞ മാസം ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു. ഹഫീസ് സയീദ്, സയ്യിദ് സലാഹുദ്ദീൻ, 10 കശ്മീരി വിഘടനവാദികൾ എന്നിവരടക്കം 12 പേർക്കെതിരെ എൻഐഎ 2018 ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളാണ് ഇവർ.