ന്യൂഡൽഹി: വിശാഖപട്ടണത്തിലെ ചാരവൃത്തിക്കേസിൽ തീവ്രവാദത്തിനായി ഫണ്ടിങ് ഗൂഢാലോചന നടത്തിയയാളെ എൻഐഎ അറസ്റ്റ് ചെയ്‌തു. മുംബൈ നിവാസിയായ അബ്‌ദുൽ റഹ്മാൻ അബ്‌ദുൽ ജബ്ബാർ ഷെയ്ക്കാണ് കേസിൽ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ കേസിനെ സംബന്ധിക്കുന്ന വിവരങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും ഇയാൾക്ക് തീവ്രവാദ ധനസഹായവുമായി ബന്ധമുണ്ടെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 15 ആയി.
കഴിഞ്ഞ വർഷം ഡിസംബറിലാണ് പാകിസ്ഥാന്‍റെ ചാര ഏജൻസിയായ ഇന്‍റർ സർവീസസ് ഇന്‍റലിജൻസിനായി 11 നാവിക സേനാംഗങ്ങൾ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയത്. കേസിൽ എൻഐഎ മുംബൈ നിവാസിയായ മുഹമ്മദ് ഹാരൂൺ ഹാജി അബ്‌ദുൽ റഹ്മാൻ ലക്‌ദാവാലയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌തിരുന്നു.