ഉത്തർപ്രദേശ്: സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശിലെ രാംപൂരില്‍ നിന്നുള്ള എംപിയുമായ അസം ഖാന്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. അസം ഖാന്‍റെ കുടുബത്തിന്‍റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കീഴില്‍ പ്രവർത്തിക്കുന്ന ജവ്ഹർ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള നിരവധി ബാങ്ക് എക്കൗണ്ടുകൾ ഉത്തർപ്രദേശ് പൊലീസ് പുറത്തുകൊണ്ടുവന്നിരുന്നു. തന്‍റെ ഒപ്പ് കെട്ടിചമച്ചുവെന്ന ആരോപണവുമായി അസം ഖാന്‍റെ സഹോദരി നിഖത്ത് അല്‍ഫാക്കും രംഗത്ത് വന്നു. ട്രസ്റ്റിന്‍റെ സാമ്പത്തിക ഇടപാടുകൾക്കായി കള്ള ഒപ്പ് ഉപയോഗിച്ചതായാണ് നിഖത്ത് അല്‍ഫാക്കിന്‍റെ ആരോപണം. ട്രസ്റ്റിന്‍റെ സാമ്പത്തിക ഇടപാടുകൾ അസം ഖാന്‍ ഒറ്റക്കാണ് നടത്തിയതെന്നും അവർ പറഞ്ഞു.
ട്രസ്റ്റിന്‍റെ സാമ്പത്തിക ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളിലൊന്നും താന്‍ ഒപ്പുവച്ചിട്ടില്ലെന്നും നിഖത്ത് അല്‍ഫാക്ക് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നൂറുകണക്കിന് കോടിയുടെ ആസ്തിയാണ് ട്രസ്റ്റിന് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ജവ്ഹർ യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്സ്‌മെന്‍റ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രസ്റ്റിന് ലഭിച്ച സംഭാവനകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെ എന്‍ഫോഴ്സ്‌മെന്‍റ് അന്വേഷിച്ച് വരികയാണ്. സഹോദരിയുടെ വെളിപ്പെടുത്തലുണ്ടായതോടെ കേസിലെ ദുരൂഹത വർദ്ധിച്ചു.
അതേസമയം പൊലീസ് അസം ഖാനെതിരേ നാല് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ അസം ഖാനെതിരെ രജിസ്റ്റര്‍ ചെയ്‌ത ക്രിമിനല്‍ കേസുകളുടെ എണ്ണം 76 ആയി. 28 കേസുകളിലെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ അസം ഖാന്‍ പിടികിട്ടാപുള്ളിയായി മാറിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ഉത്തർപ്രദേശ് സര്‍ക്കാര്‍ ഭർത്താവിനെതിരേ കള്ളക്കേസ് കെട്ടിചമയ്ക്കുകയാണെന്ന ആരോപണവുമായി അസം ഖാന്‍റെ ഭാര്യയും രാജ്യസഭാ എംപിയുമായ തസീനാ ഫാത്തിമയും രംഗത്ത് വന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ യൂണിവേഴ്സിറ്റിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.