ന്യൂഡല്‍ഹി: തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഐസിയു സംവിധാനം മെച്ചപ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 1200 കിടക്കകള്‍ക്ക് ആവശ്യമായ ബിപാപ് മെഷീനുകള്‍ വാങ്ങാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.
കൗൺസിൽ ഓഫ് സയന്‍റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ (സിഎസ്‌ഐആർ) നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ബിപാപ് മെഷീനുകൾ വാങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ ആഴ്ചയില്‍ തന്നെ ഐസിയു സൗകര്യം മെച്ചപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 411 കൊവിഡ് കിടക്കകള്‍ കൂടി ഐസിയുകളില്‍ സജ്ജമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെയാണ് ഐസിയു സംവിധാനം മെച്ചപ്പെടുത്തുന്നത്. കൂടാതെ കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളും പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
തലസ്ഥാനത്തെ 42 സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനിടെ 4,454 പുതിയ കൊവിഡ് കേസുകളും 121 മരണങ്ങളും തിങ്കളാഴ്ച രേഖപ്പെടുത്തി. നിലവിൽ 37,329 കേസുകളാണ് സംസ്ഥാനത്ത് ആക്ടീവായിട്ടുള്ളത്.