ന്യൂഡൽഹി: മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കെജ്‌രിവാള്‍ ആദ്യ പ്രസംഗത്തില്‍ തന്നെ വികസന രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. ചരിത്ര പ്രാധാന്യമുള്ള രാംലീല മൈതാനത്ത് തടിച്ചു കൂടിയ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭാവി രാഷ്ട്രീയം വികസന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സ്കൂള്‍, ആരോഗ്യ സൗകര്യങ്ങള്‍, വെള്ളം, വൈദ്യുതി, സ്ത്രീ സുരക്ഷ തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ നിങ്ങള്‍ പുതിയൊരു രാഷ്ട്രീയ മുദ്രക്കാണ് രൂപം നല്‍കിയത്. ഡല്‍ഹി വികസനത്തിനായി ബിജെപി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് സത്യപ്രതിജ്ഞക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹം പങ്കെടുത്തില്ല. ഡല്‍ഹിയുടെ പുരോഗതിക്കും വികസനത്തിനും അദ്ദേഹത്തിന്‍റെ പിന്തുണ തേടുന്നുന്നുവെന്നും പഴയതിനെയൊക്കെ പുതിയതാക്കാനുള്ള ആഗ്രഹം തനിക്കുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഫെബ്രുവരി എട്ടിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയും ബിജെപിയും കടുത്ത പോരാട്ടം നടത്തിയിരുന്നു. ഓരോ ഇന്ത്യക്കാരനും സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ലഭിക്കുമ്പോൾ മാത്രമേ അഭിമാനത്തോടെ പറന്നുയരുകയുള്ളൂവെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.