അയല്‍രാജ്യമായ ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിന് രാമസേതുവിന്‍റെ കാലത്തോളം പഴക്കമുണ്ട്. ശ്രീലങ്കയിലെ ജനസംഖ്യയില്‍ 12 ശതമാനത്തോളം വരുന്ന തമിഴ് ജനതയുടെ സാന്നിധ്യവും ആ രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്സ്( ഐപികെഎഫ്) വഹിച്ച നിര്‍ണായക പങ്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ്.
ഒരു മുതിര്‍ന്ന സഹോദരന്‍റെ കടമ നിര്‍വഹിക്കുന്നപോലെ ഇന്ത്യ ദശകങ്ങളായി ശ്രീലങ്കയെ സഹായിക്കുന്നുണ്ട്. എന്നാല്‍ മഹിന്ദ രജപക്സെ ശ്രീലങ്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്ന് 2005 മുതല്‍ കൊളംബോ ബീജിങിനോട് കൂടുതല്‍ അടുക്കാന്‍ തുടങ്ങി. തമിഴ് പുലികളുടെ തീവ്രവാദത്തിനെതിരെ നിര്‍ണായക വിജയം നേടിയതോടെ രജപക്സെ എതിരില്ലാതെ നേതാവായി മാറി. എന്നാല്‍ 2015ലെ തന്‍റെ ദയനീയമായ പരാജയത്തിന് അദ്ദേഹം ഇന്ത്യയെയാണ് കുറ്റപ്പെടുത്തിയത്.
ഇക്കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്സെയുടെ സഹോദരന്‍ ഗോതാബായ രജപക്സെ നേടിയ വിജയവും തുടര്‍ന്ന് മഹിന്ദയുടെ പ്രധാനമന്ത്രിയായുള്ള നിയമനവും ഡല്‍ഹിയും കൊളംബോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംശയങ്ങള്‍ ഉളവാക്കിയിരുന്നു. എന്നാല്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോതാബായ രജപക്സെ സത്യപ്രതിജ്ഞ ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യന്‍ വിദേശമന്ത്രി ജയശങ്കര്‍ മുഖേന ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അദ്ദേഹത്തിന് നല്‍കി. അതിനെതുടര്‍ന്നാണ് ഗോതാബായ ഇന്ത്യ സന്ദര്‍ശിച്ചത്.
ഈ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയാന്തരീക്ഷത്തിന് പുതിയൊരു തെളിച്ചം നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള തന്‍റെ ഉദ്ദേശം പ്രഖ്യാപിച്ച ഗോതാബായ ഇന്ത്യയുടെ സുരക്ഷയെ തകിടം മറിക്കുന്ന യാതൊന്നും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും എല്ലാ സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കുകയും ചെയ്തു. തന്‍റെ രാജ്യത്ത് ചൈനയുടെ മുതല്‍മുടക്കിന് പകരമായ സംവിധാനം നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയോടും മറ്റ് രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലങ്കയ്ക്ക് ഭീകരവാദത്തെ നേരിടാന്‍ 360 കോടി രൂപയുടെ സഹായവും 2870 കോടി രൂപ ഉദാരവ്യവസ്ഥയോടുകൂടിയ വായ്പയും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ശ്രീലങ്കയുമായുള്ള പഴയ ബന്ധം പുതുക്കുകയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്.
ഒരാഴ്‌ച മുമ്പുനടന്ന ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രാജ്യത്തെ ചില വിഭാഗങ്ങള്‍ക്കിടയില്‍ ഭീതി പ്രതിഫലിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞവര്‍ഷം, പ്രസിഡന്‍റായിരുന്ന മൈത്രീപാല സിരിസേന സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയും പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് വിക്രമസിംഗെ പ്രധാനമന്ത്രിയായെങ്കിലും ഈസ്റ്റര്‍ ദിനത്തിലെ ഭീതികരമായ സ്ഫോടന പരമ്പര രാജ്യത്തെ മുഴുവന്‍ നിരാശയിലാഴ്ത്തി.
ബോംബ് ഭീഷണിയെക്കുറിച്ച് ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍നിന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ സുരക്ഷാ ഏജന്‍സികള്‍ നിഷ്ക്രിയത്വം പുലര്‍ത്തിയതിനെ പാര്‍ലമെന്‍ററി സെല്കറ്റ് കമ്മിറ്റി കുറ്റപ്പെടുത്തുകയുണ്ടായി. പുതുതായി രംഗത്തുവരുന്ന ഐഎസ് ഭീകരവാദത്തെ നേരിടാന്‍ അനുയോജ്യനായ വ്യക്തി ഗോതാബായയാണെന്ന് ഭൂരിപക്ഷം വരുന്ന സിംഹള വിഭാഗം വിശ്വസിച്ചു. എന്നാല്‍ വടക്ക്-കിഴക്കന്‍ പ്രവിശ്യകളിലെ ഭൂരിപക്ഷം വരുന്ന തമിഴരും മുസ്ലീങ്ങളും ഗോതാബായയുടെ എതിരാളി സജിത് പ്രേമദാസയെയാണ് പിന്തുണച്ചത്.
ഭീകരവാദത്തെ നിയന്ത്രിക്കാനെന്ന പേരില്‍ തങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാകുമെന്നായിരുന്നു അവരുടെ ഭയം. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സിംഹളരുടെ പിന്തുണയോടെ ഗോതാബായ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് തമിഴ് ജനതയുടെ വികാരങ്ങളേയും ഇന്ത്യയുമായുള്ള ബന്ധത്തേയും അവഗണിക്കാനാകില്ല. രാജ്യത്തിന്‍റെ ദക്ഷിണഭാഗത്തുള്ള ജനങ്ങള്‍ ’ഫെഡറല്‍’ വാക്കിനെത്തന്നെ ഭയപ്പെടുമ്പോള്‍, വടക്ക്-കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ ’കേന്ദ്രീകൃത’ ഭരണസംവിധാനത്തെ എതിര്‍ക്കുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു സംവിധാനം നിര്‍ദ്ദേശിച്ച മൈത്രീപാല ഒടുവില്‍ ഒന്നുമല്ലാതായി.
1987-ലെ ഭരണഘടനാഭേദഗതി അനുസരിച്ച് തമിഴ് ഭൂരിപക്ഷ മേഖലക്ക് പൂര്‍ണ അധികാരം കൈമാറാന്‍ സാധ്യമല്ല എന്ന് സിംഹള ഭൂരിപക്ഷത്തിന്‍റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ഗോതാബായ പറയുന്നു. അതിനാല്‍ താന്‍ സംയോജിത വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നം രാജ്യത്തെ മറ്റൊരു പ്രതിസന്ധിയിലേക്ക് എത്തിക്കാതെ നോക്കുക എന്നതാണ് ഗോതാബായ സര്‍ക്കാരിന്‍റെ പ്രധാന വെല്ലുവിളി.
ഇരുപത്തിയഞ്ച് വര്‍ഷത്തോളം എല്‍ടിടിഇയുടെ ഭീകരവാദം അനുഭവിച്ച ഒരു രാജ്യത്തിന് ആഭ്യന്തരമായി ഉയര്‍ന്ന ്‌വരുന്ന ഐഎസ് ഭീകരവാദം അപ്രതീക്ഷിതമായ മറ്റൊരു പ്രഹരമാണ്. മാരകമായ ഈസ്റ്റര്‍ ദിന സ്ഫോടനങ്ങള്‍ രാജ്യമൊട്ടാകെ ഉല്‍പാദനത്തിന്‍റെ അഞ്ച് ശതമാനം സംഭാവന ചെയ്യുന്ന വിനോദസഞ്ചാര മേഖലയെ വല്ലാതെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കപ്പെടുത്തുന്നതാണ്. 2016-ല്‍ മൈത്രീപാലയുടെ ഭരണകാലത്ത് കൈവരിച്ച 4.5 ശതമാനം വളര്‍ച്ചാനിരക്ക് ഇന്ന് 2.5 ശതമാനമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ പതിനെട്ട് വര്‍ഷകാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. കൂടാതെ, ജിഡിപിയുടെ 75 ശതമാനം വരുന്ന വായ്പ ബാധ്യതയും പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. ചൈനയ്ക്ക് അതിന്‍റെ സ്വാധീനമേഖല വിപുലീകരിക്കാനുള്ള ഒരവസരമാണിത്.
മഹിന്ദ രജപക്സെ പ്രസിഡറ്റായിരുന്ന കാലത്ത് വൈദ്യുത നിലയങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വടക്കന്‍ മേഖലയില്‍ നിന്നും തെക്കന്‍ മേഖലയിലേക്കുള്ള റോഡ്, റെയില്‍ അടിസ്ഥാന സൗകര്യവികസനം തുടങ്ങി പല കരാറുകളും ചൈന കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ അന്തര്‍വാഹിനി കപ്പല്‍പ്പടയെ ശ്രീലങ്കന്‍ തീരത്ത് വിന്യസിക്കുന്നതിനുള്ള സാഹചര്യം വരെ അവര്‍ നേടിയെടുത്തിട്ടുണ്ട്.
ഇന്ത്യക്കും ചൈനക്കും ഇടയില്‍ “തുല്യ അകലം” പാലിക്കുമെന്ന് ഗോതാബായ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും ചൈനക്ക് ബദലായി ശ്രീലങ്കയില്‍ നിക്ഷേപം നടത്തുന്നതില്‍ മറ്റ് രാജ്യങ്ങള്‍ താല്‍പര്യം കാണിച്ചില്ലെങ്കില്‍ ചൈന അവരുടെ “ഒരു മേഖല, ഒരു പാത” എന്ന പദ്ധതിയിലൂടെ അവിടെ കൂടുതല്‍ ചുവടുറപ്പിക്കും. നമ്മള്‍ നമ്മുടെ രാജ്യത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം ക്ഷണിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് സഹായഹസ്‌തമാക്കാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ട്. പക്ഷേ, അവിടത്തെ തമിഴ് ജനതയുടെ താല്‍പര്യവും ശ്രീലങ്കക്കുണ്ടാകുന്ന ദീര്‍ഘകാല നേട്ടവും പരിഗണിച്ച് ഇന്ത്യ ആ രാജ്യവുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ക്രിയാത്മകമായി ശക്തിപ്പെടുത്തേണ്ടതുണ്ട്.