ന്യൂഡല്‍ഹി: പുതിയ ബിജെപി അധ്യക്ഷന്‍ ഡിസംബറോടെ ചുമതലയേല്‍ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വര്‍ഷം അവസാനത്തോടെയാണ് ബിജെപിയിലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുക. അതിന് പിന്നാലെ പുതിയ ദേശീയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അണിയറയിലിരുന്ന് പാർട്ടിക്ക് താന്‍ നേതൃത്വം നല്‍കുന്നു എന്ന പരാമർശത്തെ അമിത്ഷാ നിഷേധിച്ചു. 2014ല്‍ ബിജെപി അധ്യക്ഷനായിരുന്ന സമയത്തും ഇതേ ആക്ഷേപം ചിലർ ഉന്നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാർട്ടിയെപ്പോലെ ആരെങ്കിലും പിന്നില്‍ നിന്ന് ഭരിക്കുന്ന പാർട്ടിയല്ല ബിജെപിയെന്നും ഭരണഘടനക്കനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും അമിത്ഷാ മറുപടി നല്‍കി.
ബിജെപി വർക്കിങ് പ്രസിഡന്‍റ് ജെ പി നദ്ദ പുതിയ ബിജെപി അധ്യക്ഷനായേക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അമിത്ഷാ പ്രതികരിച്ചിട്ടില്ല. ഒരുപദയില്‍ ഒരാള്‍ എന്ന രീതി ബിജെപി പിന്തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിയായ അമിത് ഷാ ബിജെപി അധ്യക്ഷപദം ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.