ദിസ്‌പൂര്‍: ലോക്‌സഭയില്‍ ഇന്നലെ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകൾ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. അസമില്‍ പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. രാവിലെ മുതൽ പ്രതിഷേധക്കാർ റോഡുകളിൽ എത്തി, ടയർ കത്തിച്ച് റോഡുകൾ തടഞ്ഞു. സംസ്ഥാനത്തെ പല ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍വകലാശാലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
അസമിനെ പുറമെ അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. ഹോൺബിൽ ഫെസ്റ്റിവലിനെ തുടര്‍ന്ന് നാഗാലാന്‍റിനെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന ബില്ലിനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തദ്ദേശവാസികൾ ആശങ്കയോടെയാണ് സമീപിക്കുന്നത്.
ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് ലോക്‌സഭയില്‍ ബില്‍ പാസായത്. വോട്ടെടുപ്പില്‍ പങ്കെടുത്തത് 391 പേരായിരുന്നു. ഇതില്‍ 311 പേര്‍ ബില്ലിനെ അനുകൂലിക്കുകയും 80 പേര്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്‌തു. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ ബുധനാഴ്‌ച അവതരിപ്പിക്കും.