ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ മാറ്റണമെന്ന പുനപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ നല്‍കിയ ഹർജിയാണ് തള്ളിയത്.
ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പരീക്ഷകൾ നടത്താമെന്ന ഓഗസ്റ്റ് 17ലെ വിധി ചോദ്യം ചെയ്തായിരുന്നു ഹർജി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക് യാത്ര സൗകര്യവും കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങളും ഒരുക്കുന്നതിനാണ് പരീക്ഷ നീട്ടാൻ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. ആറ് മുതല്‍ എട്ട് ആഴ്ച വരെ പരീക്ഷ മാറ്റി വയ്ക്കാനാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. പശ്ചിമബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാങ്ങളിലെ മന്ത്രിമാരാണ് ഹർജി നല്‍കിയത്. പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് കോടതിയെ സമീപിച്ചത്. സെപ്തംബർ 13നാണ് നീറ്റ് പരീക്ഷകൾ നടക്കുന്നത്.