ന്യൂഡല്‍ഹി: അഴിമതിക്കെതിരെ പോരാടേണ്ട സമയമാണിതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ശരിയായ ഓഡിറ്റുകളിലൂടെയും പരിശോധനകളിലൂടെയും അഴിമതിയെ തുരത്തണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്ക്‌മരുന്ന് ശൃംഖല, പണം തട്ടിപ്പ്, തീവ്രവാദം എന്നിവയെല്ലാം പരസ്‌പരം ബന്ധപ്പെട്ടതാണ്. അതിനാല്‍ അഴിമതിക്കെതിരെ വ്യവസ്ഥാപരമായ പരിശോധനകളിലൂടെയും ഓഡിറ്റിങ്ങിലൂടെയും നമ്മള്‍ ഒന്നിച്ച് നിന്ന് പോരാടണമെന്നും വിജിലന്‍സ്-ആന്‍റി കറപ്‌ഷന്‍ ത്രിദിന ദേശീയ കോണ്‍ഫറന്‍സ് ഉദ്‌ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, സിഎജി - സിബിഐ ഉദ്യോഗസ്ഥരും മറ്റ് ദേശീയ ഏജന്‍സികളും പങ്കെടുത്തു. ദേശീയ ഏജന്‍സികളെല്ലാം അഴിമതിക്കെതിരെ പോരാട്ടത്തില്‍ സഹകരിച്ച് മുന്നോട്ട് പോകണം. അഴിമതി വികസനത്തെ മാത്രമല്ല സമൂഹത്തിന്‍റെ സന്തുലനാവസ്ഥയും തകര്‍ക്കുന്നുവെന്ന് മോദി പറഞ്ഞു. രാജ്യത്തിന്‍റെ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് മേലുള്ള ആക്രമണമാണെന്നും അതിനാല്‍ അഴിമതിക്കെതിരെ പോരാടണമെന്നും മോദി പറഞ്ഞു. ഇത് ഏതെങ്കിലുമൊരു ഏജന്‍സിയുടെ ഉത്തരവാദിത്തമല്ല മറിച്ച് എല്ലാവരുടേയും കൂട്ട ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകങ്ങളിൽ ഒരു തലമുറ നടത്തിയ അഴിമതിക്ക് ശിക്ഷ ലഭിക്കാതിരുന്നത് നാം കണ്ടു. അടുത്ത തലമുറ ആ അഴിമതിയെ കൂടുതൽ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുകയാണ്. അതോടെ പല സംസ്ഥാനങ്ങളിലും ഇത് ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. തലമുറകളായി അഴിമതി രാജ്യത്തെ ഇല്ലാതാക്കുന്നുവെന്നും അഴിമതിക്കെതിരായ പോരാട്ടം ഒരു ദിവസത്തിനകം അവസാനിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.