ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹത്തിനെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർ കർശന നടപടി നേരിടേണ്ടി വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ അശ്വത്‌നാരായൺ പറഞ്ഞു. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിന് നടപടിയെടുക്കും. എന്നാൽ മുന്നറിയിപ്പ് ലഭിച്ചിട്ടും വിഷയം വഷളാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. ആരും വ്യാജവാർത്തകൾ പ്രോത്സാഹിപ്പിക്കരുത്. വളരെ കുറച്ച് ആൾക്കാരെ ഉൾപ്പെടുത്തി ലളിതമായ രീതിയിൽ വിവാഹം നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര്‍ണാടക മുന്‍ മന്ത്രി എന്‍. കൃഷ്‌ണപ്പയുടെ സഹോദരീ പുത്രി രേവതിയെയാണ് നിഖില്‍ കുമാരസ്വാമി വിവാഹം കഴിച്ചത്. നടന്‍റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ നടത്തിയ വിവാഹച്ചടങ്ങിൽ നൂറിലധികം പേർ പങ്കെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.