ന്യൂ ഡൽഹി: സാങ്കേതികവിദ്യ സ്വായത്തമാക്കിയ നാവിക സേനയെയാണ് ആവശ്യമെന്ന് ഇന്ത്യൻ നേവി ചീഫ് അഡ്‌മിറൽ കരംബിർ സിങ്. നാൽപ്പത്തിയൊന്നാമത് ഡിആർഡിഒ ഡയറക്‌ടർമാരുടെ കോൺഫറൻസിലാണ് നേവി ചീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ടെക്‌നോളജിക്ക് അനുസൃതമായി യുദ്ധമുഖവും മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ പുതിയ സാങ്കേതിക വിദ്യകള്‍ നാവിക സേന പഠിച്ചിരിക്കണമെന്നും കരംബിർ സിങ് പറഞ്ഞു.
സാങ്കേതികരംഗത്ത് നേവിയിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് അദ്ദേഹം നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. അമേരിക്കയുടെ ഡിഎആർപിഎ (ഡിഫൻസ് അഡ്വാൻസ്‌ഡ് റിസർച്ച് പ്രോജക്‌ട് ഏജൻസി) പോലുള്ള മോഡലുകളെ സൂക്ഷ്മമായി പരിശോധിക്കണമെന്നും ചെറുകിട ഏജൻസികളെ പരിഗണിക്കണമെന്നും സിങ് പറഞ്ഞു.
വർഷങ്ങളായി നാവികസേനയുടെ സാങ്കേതിക വിദ്യയും സൈന്യബലവും സമന്വയിപ്പിക്കുന്നതിൽ ഡിആർഡിഒ ഗവേഷണ ഏജൻസിയുടെ പങ്ക് വലുതായിരുന്നുവെന്ന് സിങ് വ്യക്തമാക്കി. ആധുനിക ടെക്നോളജിയോട് കിട പിടിക്കത്തക്ക വിധം ഇന്ത്യൻ സേനയുടെ സാങ്കേതിക വിദ്യയില്‍ പുരോഗതിയുണ്ടെന്നും ഇനി വികസനമാവശ്യമായ മേഖലകളിൽ ഡിആർഡിഒയുടെ സഹായം അത്യാവശ്യമാണെന്നും ഇന്ത്യൻ നേവി ചീഫ് വ്യക്തമാക്കി.