ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ഗര്‍ഭിണികളുടെ ദുരവസ്ഥയെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്ക് ദേശീയ വനിതാ കമ്മീഷന്‍റെ കത്ത്. ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മയാണ് കൊവിഡ് പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കപ്പെടുന്നതടക്കം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് കത്തയച്ചത്. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക് ആവശ്യത്തിന് ആംബുലന്‍സുകള്‍ ലഭിക്കാത്തതും, ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതുമായ സംഭവങ്ങള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആരോഗ്യ പരിരക്ഷ വൈകിയതിനാല്‍ ചില കേസുകളില്‍ അമ്മയുടേയും കുഞ്ഞിന്‍റെയും മരണത്തിനിടയാക്കിയ കാര്യവും കത്തില്‍ പറയുന്നു. ഗര്‍ഭിണികളുടെ ക്ഷേമം വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമാണെന്നും ആശുപത്രികളുടെയും അധികാരികളുടെയും വീഴ്‌ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയിലെ മാതൃ ശിശു മരണനിരക്ക് കുറക്കുന്നതിനായുള്ള പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് വനിതാകമ്മീഷന്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ഇടപടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കണമെന്നും,ഗ ര്‍ഭിണികള്‍ക്ക് ആശുപത്രികളില്‍ പ്രത്യേക കിടക്കകള്‍, ഹെല്‍പ് ലൈന്‍ സൗകര്യമൊരുക്കണം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.