ഡൽഹി: ഷഹീൻ ബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ. സംഭവത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡൽഹി സൗത്ത് ഈസ്റ്റ് ജില്ലാ മജിസ്ട്രേറ്റിന് നിർദേശം. വീഡിയോയിലെ കുട്ടികളെ കണ്ടെത്തി അവർക്ക് കൗൺസിലിംഗ് നൽകണമെന്നും കമ്മിഷൻ പറഞ്ഞു. സമരം കുട്ടികളിൽ മാനസിക ആഘാതം സൃഷ്ടിക്കുമെന്നും കമ്മിഷൻ പറഞ്ഞു. ഷഹീൻ ബാഗ് സമരത്തിൽ കുട്ടികൾ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഡിസംബർ 15 മുതലാണ് കുട്ടികളും വനിതകളുമടങ്ങുന്ന സംഘം ഷഹീൻ ബാഗിൽ പ്രതിഷേധം ആരംഭിച്ചത്. കാളിന്ദി കുഞ്ച് പ്രദേശത്ത് ഗതാഗതം തടഞ്ഞുള്ള സമരത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടെങ്കിലും പൊലീസ് ഇടപെടട്ടെ എന്നായിരുന്നു കോടതി നിലപാട്. പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് മുതലാണ് ഷഹീൻ ബാഗിലെ പ്രതിഷേധം ആരംഭിച്ചത്.