ബിജാപൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ വെള്ളിയാഴ്ച ഉണ്ടായ വെടിവെപ്പില്‍ നക്സല്‍ പ്രവർത്തകൻ കൊല്ലപ്പെട്ടു. തലക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലൈറ്റാണ് സുരക്ഷാ സേനയുമായുള്ള വെടിവെയ്പിൽ കൊല്ലപ്പെട്ടത്. രാവിലെ ഒൻപത് മണിയോടെ ബസാഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോർസഗുഡ -ഔട്ട്‌പള്ളി ഗ്രാമങ്ങൾക്കുമിടയിലുള്ള വനത്തിനുള്ളിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് സൂപ്രണ്ട് കമലോചൻ കശ്യപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നക്സലൈറ്റിന്‍റെ ഭാഗത്ത് നിന്ന് വെടിയുതിര്‍ത്തപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥർ അതിവേഗം തിരിച്ചടിക്കുകയായിരുന്നുവെന്നും കശ്യപ് പറഞ്ഞു. വെടിവെപ്പിന് ശേഷം നക്സൽ പ്രവർത്തകന്‍റെ മൃതദേഹവും ആയുധവും മാവോയിസ്റ്റുമായി ബന്ധപ്പെട്ട വസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് സംഭവം നടന്നതെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിന് ശേഷം പൊലീസ് സംഘങ്ങൾ ഇതുവരെ സംഭവസ്ഥലത്ത് നിന്ന് തിരിച്ചെത്തിയിട്ടില്ല. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ പ്രദേശത്തെ നക്സലൈറ്റുകൾ ഓടിപ്പോയിട്ടുണ്ട്.