കൊച്ചി: കൊവിഡ് പോരാട്ടത്തിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന വിഭാഗത്തിന് ആദരവുമായി നേവി. ഞായാറാഴ്‌ച രാവിലെ ചേതക് ഹെലികോപ്‌റ്റര്‍ എറണാകുളം ജില്ലാ ആശുപത്രിയിക്കു മേല്‍ പുഷ്‌പദളങ്ങള്‍ അര്‍പ്പിക്കും. സായുധ സേനാ മേധാവിയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ സായുധ സേനയെ പ്രതിനിധീകരിച്ചാണ് കൊവിഡ് പോരാട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആദരവ് സമര്‍പ്പിക്കുന്നത്. കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡിന്‍റെ നേതൃത്വത്തിലാണ് ആദരം സമര്‍പ്പിക്കുക.
കൊവിഡ് പോരാട്ടത്തില്‍ അക്ഷീണം പ്രയത്‌നിക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, സര്‍ക്കാര്‍ ജോലിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് നേവിയുടെ ആദരം. ഇതോടനുബന്ധിച്ച് സതേണ്‍ നേവല്‍ കമാന്‍റ് ഓഫീസര്‍മാര്‍ എറണാകുളം ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകരെയും മറ്റുള്ളവരെയും നേരിട്ട് അഭിനന്ദിക്കുകയും ചെയ്യുമെന്ന് സായുധ സേന വക്താവ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കൂടാതെ ഇന്ത്യന്‍ നേവിയുടെ ഡ്രോണര്‍, സി കിങ്, അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്‌റ്റര്‍, ചേതക് എന്നീ എയര്‍ക്രാഫ്‌റ്റുകള്‍ ബാനറുകളുമായി കൊച്ചി മറൈന്‍ ഡ്രൈവിന് മുകളിലൂടെ സഞ്ചരിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലുകള്‍ മറൈന്‍ ഡ്രൈവിന് എതിര്‍വശം കടലില്‍ നങ്കൂരമിട്ട് ജ്വാലകള്‍ പ്രകാശിപ്പിക്കുകയും ചെയ്യുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.