ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ഭൂമിയിലെ സർവ സസ്യജന്തുജാലങ്ങളെയും പ്രകൃതിയിലെ അതിസമ്പന്നമായ ജൈവ വൈവിധ്യവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭ്യർഥിച്ചു. മഴവെള്ള സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയുടെ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചും മൻ കി ബാത് റേഡിയോ പരിപാടിയിൽ പരാമർശിക്കുന്ന ഭാഗവും മോദി ട്വീറ്റിനോടൊപ്പം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ 'ജൈവവൈവിധ്യ'മാണ് വിഷയം. ഈ അവസരത്തിൽ ഏറ്റവും അനുയോജ്യമായ വിഷയമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ നാം അകപ്പെട്ടിരുന്ന ലോക്ക് ഡൗണിലൂടെ പ്രകൃതിയുടെ സമൃദ്ധിയാർന്ന ജൈവവൈവിദ്യത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മൺസൂൺ കാലത്ത് മഴവെള്ളം സംഭരിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും മോദി അഭ്യർഥിച്ചു.