അമരാവതി: വിശാഖപട്ടണത്തിലെ കെമിക്കല്‍ പ്ലാന്‍റിലുണ്ടായ വാതക ചോര്‍ച്ചയില്‍ ശാസ്‌ത്രീയാന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷവാതക ചോര്‍ച്ചിയിലേക്ക് നയിച്ച സാഹചര്യങ്ങളടക്കം ശാസ്‌ത്രീയ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ശാസ്‌ത്ര വിദഗ്‌ധരോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റെറീന്‍ വാതകമാണ് ചോര്‍ന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റ് വാതകങ്ങളും സംഭവ സ്ഥലത്ത് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെക്കുറിച്ചും ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്‌ധാന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നുണ്ട്. വിശാഖപട്ടണത്തും പരിസര പ്രദേശങ്ങളിലും വായു ഗുണനിലവാരം പരിശോധനാവിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യx വിലയിരുത്തുന്നതിനായി ദേശീയ അന്തര്‍ദേശീയ വിദഗ്‌ധരുടെ നിര്‍ദേശാനുസരണം നടപടികള്‍ സ്വീകരിക്കണം. ഇത്തരത്തില്‍ അടിയന്തര നടപടികളും ദീര്‍ഘകാല നടപടികളും നടപ്പിലാക്കണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ആര്‍ആര്‍ വെങ്കട്ടപുരത്തെ കെമിക്കല്‍ പ്ലാന്‍റില്‍ നിന്നുമാണ് വ്യാഴാഴ്‌ച വാതക ചോര്‍ച്ചയുണ്ടായത്. അപകടത്തില്‍ 12 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ എല്‍ജി പോളിമെര്‍ കമ്പനിക്കും കേന്ദ്ര പരിസ്ഥിതി വകുപ്പിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നാഷണല്‍ ഗ്രീന്‍ ട്രെബ്യൂണല്‍ നോട്ടീസയച്ചിരുന്നു. വിശാഖപട്ടണത്ത് മരിച്ചവര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ 30 കോടി രൂപയുടെ സഹായവും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.