മുംബൈ: കനത്തമഴയെ തുടര്‍ന്ന് ദക്ഷിണ മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു. ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി കെട്ടിടമാണ് തകര്‍ന്നുവീണത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ദേശീയ ദുരന്തസേനയുടെ മൂന്ന് സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
കെട്ടിടത്തിന് ഏകദേശം നൂറ് വര്‍ഷം പഴക്കമുണ്ട്. എട്ടോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായി. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു.