മുംബൈ: പരോളിനിറങ്ങിയ മുംബൈ സ്‌ഫോടന കേസ് കുറ്റവാളിയെ കാണാതായി. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഡോ. ബോംബ് എന്ന ജലീസ് അൻസാരിയെയാണ് വ്യാഴാഴ്‌ച മുതൽ കാണാതായത്.
രാജസ്ഥാനിലെ അജ്‌മീർ സെൻട്രൽ ജയിലിൽ നിന്ന് 21 ദിവസത്തെ പരോളാണ് അൻസാരിക്ക് ലഭിച്ചിരുന്നത്. പരോൾ കാലയളവിൽ അഗ്രിപാഡ പൊലീസ് സ്റ്റേഷനിൽ എല്ലാ ദിവസവും കൃത്യമായി അൻസാരി എത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. പരോൾ വെള്ളിയാഴ്‌ച തീരുമെന്നതിനാൽ അൻസാരി ഇന്ന് കീഴടങ്ങുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വ്യാഴാഴ്‌ച അൻസാരി എത്തിയില്ല. പിതാവിനെ കാണാനില്ലെന്ന പരാതിയുമായി മകൻ ജയ്‌ദ് അൻസാരിയാണ് പൊലീസ് സ്റ്റേഷനിൽ എത്തയിത്. മകന്‍റെ പരാതിയിൽ അഗ്രിപാഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
മുംബൈ പൊലീസ് ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയും ചേർന്ന് അൻസാരിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഡോ. ബോംബ് എന്നറിയപ്പെടുന്ന ജലീസ് അൻസാരിക്ക് തീവ്രവാദ ഗ്രൂപ്പുകളായ സിമി, ഇന്ത്യൻ മുജാഹിദിൻ തുടങ്ങിയവയുമായി ബന്ധമുണ്ടെന്നും ബോംബ് എങ്ങനെ നിർമ്മിക്കാമെന്ന് പഠിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2008 ൽ നടന്ന മുംബൈ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് 2011 ൽ എൻഐഎയും അൻസാരിയെ ചോദ്യം ചെയ്തിരുന്നു.