ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശനിയാഴ്‌ച സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. ഇന്ധന വിലവര്‍ധന, കാര്‍ഷിക നിയമങ്ങള്‍ എന്നിവക്കെതിരെയാണ് ഡിസംബര്‍ 19ന് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. പാര്‍ട്ടി സംസ്ഥാന വക്താവ് ഭൂപേന്ദ്ര ഗുപ്‌തയാണ് ഇത് സംബന്ധിച്ച പ്രസ്‌താവനയിറക്കിയത്. ഇന്ധന വിലയും, പാചക വാതക വിലയും കുതിക്കുകയാണെന്നും രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 19 ന് ജില്ലാ ബ്ലോക്ക് തലങ്ങളിലാണ് പ്രതിഷേധ പ്രകടനം.
അതേസമയം മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയായ കമല്‍ നാഥും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായെത്തി. പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക് പുറമെ പാചക വാതക വില 100 രൂപ ഉയര്‍ന്നെന്നും, പാചക വാതക സബ്‌സിഡിയുടെ സൂചന പോലുമില്ലെന്നും കമല്‍ നാഥ് ട്വീറ്റ് ചെയ്‌തു. അടുത്തിടെ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നവംബര്‍ 26 മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുകയാണ്. കേന്ദ്രം കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഇരു ഭാഗത്ത് നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.