ന്യൂഡൽഹി: സാമൂഹിക അകലം പാലിക്കാൻ ആത്മീയ-മതനേതാക്കൾ അനുയായികളോട് ആവശ്യപ്പെടണമെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ഗവർണർമാർ, ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍മാര്‍, അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവരെ വീഡിയോയിലൂടെ അഭിസംബോധന ചെയ്ത നായിഡു, അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കാർഷിക ഉൽപന്നങ്ങളുടെ വിളവെടുപ്പ്, സംഭരണം, വിതരണം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ആത്മീയ, മതനേതാക്കളുമായി ബന്ധപ്പെടണമെന്നും സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ചില സംസ്ഥാനങ്ങളില്‍ ഡോക്ടർമാരെ ആക്രമിച്ച സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച നായിഡു അത്തരം സംഭവങ്ങൾ നിർഭാഗ്യകരവും അപലപനീയവുമാണെന്ന് പറഞ്ഞു. കൊവിഡ് -19നെതിരായ പോരാട്ടത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ, സാനിറ്ററി സ്റ്റാഫ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഏറ്റെടുക്കുന്ന നിർണായക പങ്ക് ജനങ്ങളെ ബോധവല്‍കരിക്കാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.