ലക്‌നൗ: കാൺപൂരിലെ കൊടും കുറ്റവാളികളുടെ പട്ടികയിൽ വികാസ് ദുബെയുടെ പേരില്ലെന്ന് കണ്ടെത്തൽ. കാൺപൂർ എസ്‌എസ്‌പി ഓഫീസിൽ നിന്നും ലഭിച്ച ജില്ലയിലെ 15 കൊടും കുറ്റവാളികളുടെ പട്ടികയിൽ വികാസ് ദുബെയെ ഉൾപ്പെടുത്തിയിട്ടില്ല. കൊലപാതകം, കൊലപാതകശ്രമം ഉൾപ്പെടെ 60 കേസുകളാണ് വികാസിനെതിരെ ചൗബേപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
ഈയിടെ സസ്പെൻഷനിലായ ചൗബേപൂർ സ്റ്റേഷൻ ഓഫീസർ വിനയ് തിവാരിയും വികാസ് ദുബെയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. കാൺപൂർ ആക്രമണത്തിന്‍റെ വിവരം ചോർത്തിയത് വിനയ് തിവാരിയാണെന്ന സംശയത്തെ തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തത്. വികാസ് ദുബെയുടെ തലയ്‌ക്ക് രണ്ടര ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
കാൺപൂർ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ആഴ്‌ചകൾക്കുമുമ്പ് ഡിഎസ്‌പി ദേവേന്ദ്ര മിശ്ര എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദുബെയും സ്റ്റേഷൻ ഓഫീസറും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. മിശ്രയുടെ കത്തിലെ ആരോപണങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ആരോപണങ്ങളുടെ ഗൗരവത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ മനസിലാക്കാൻ സാധിച്ചു. ആരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. സംഭവത്തെക്കുറിച്ച് വ്യക്തത ലഭിച്ചശേഷം കൂടുതൽ വിവരങ്ങൾ നൽകുമെന്നും കാൺപൂർ റേഞ്ച് ഐജി മോഹിത് അഗർവാൾ പറഞ്ഞു. വികാസ് ദുബെയെ പിടികൂടാനുള്ള തെരച്ചിലിനിടക്ക് നടന്ന വെടിവെപ്പില്‍ ഡിവൈഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.