രാജ്യത്ത് ബലാത്സംഗ കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നു. ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. എന്നാല്‍ ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നില്ല. 2006 ൽ 27 ശതമാനമായിരുന്ന ശിക്ഷാ നിരക്ക് 2016 ല്‍ 18 ശതമാനമായി കുറഞ്ഞുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2017 ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,27,868 ബലാത്സംഗ കേസുകളാണ് വിധി കാത്ത് കോടതിയില്‍ കെട്ടികിടക്കുന്നത്. ഇതില്‍ 32 ശതമാനം കുറ്റവാളികള്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
സ്ത്രീകൾ ഇരകളായ 1,07,255 കേസുകളിലാണ് വിചാരണ തീർപ്പാക്കാനുള്ളത്. പെൺകുട്ടികൾ ഇരകളായ 34 ശതമാനം കേസുകളില്‍ മാത്രമാണ് ഇതുവരെ ശിക്ഷാ നടപടി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോളിളക്കമുണ്ടാക്കിയ നിര്‍ഭയ കേസിന് ശേഷം സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കിയത്. 2013ലെയും 2014ലേയും ബജറ്റുകളില്‍ നിര്‍ഭയ പദ്ധതിക്ക് വേണ്ടി മാത്രം 2000 കോടിയിലധികം രൂപയാണ് അനുവദിച്ചിരുന്നത്. സുരക്ഷയ്ക്ക് ഫണ്ട് ഉണ്ടെങ്കിലും നമ്മുടെ രാജ്യത്ത് വീണ്ടും വീണ്ടും സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിനിരയാകുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 2000 കോടി രൂപയില്‍ അഞ്ചു സംസ്ഥാനങ്ങള്‍ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നു. മഹാരാഷ്ട്ര,മണിപ്പൂര്‍, മേഘാലയ, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ ഫണ്ട് വിനിയോഗിക്കാത്തത്. ഗുജറാത്താണ് ഏറ്റവും കുറവ് ഫണ്ട് വിനിയോഗിച്ചിരിക്കുന്നത്. കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചിരിക്കുന്നത്.