ന്യൂഡൽഹി: 12 വർഷത്തിനിടയിൽ ഏറ്റവും മന്ദഗതിയിലായാണ് മഴക്കാലം രാജ്യത്തെത്തുന്നത്. നിലവിൽ രാജ്യത്തിന്‍റെ 10 മുതൽ15 ശതമാനം വരെ മാത്രമാണ് മൺസൂൺ എത്തിയിട്ടുള്ളൂ. മൺസൂൺ ഇപ്പോൾ കേരളം, തെക്കൻ കർണാടകയിലെ ചില ഭാഗങ്ങൾ, തമിഴ്‌നാടിന്‍റെ മൂന്നിൽ രണ്ട് ഭാഗവും വടക്കുകിഴക്കൻ ഇന്ത്യയുടെ ഭൂരിഭാഗവും മൺസൂൺ എത്തിയിട്ടുണ്ട്. എന്നാൽ മഴ ശക്തി പ്രാപിക്കാൻ ഈ മാസം 25 വരെ സമയമെടുക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതർ അറിയിച്ചു.
ജൂൺ 25 നകം മൺസൂൺ കൊങ്കൺ തീരത്തും മഹാരാഷ്ട്രയുടെ ഭൂരിഭാഗവും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ അവസാനത്തോടെ മധ്യഇന്ത്യ മുഴുവൻ മൺസൂൺ എത്താൻ സാധ്യതയുണ്ടെന്ന് ഐഎംഡി വ്യക്തമാക്കി.
മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യ-ദക്ഷിണേന്ത്യയിലെ മറ്റ് ചില ഭാഗങ്ങളിൽ ഇതുവരെയും മഴ ലഭിക്കാത്തതിനെ തുടർന്ന് ജലക്ഷാമം രൂക്ഷമായി. സംസ്ഥാനങ്ങളിലെ പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് 10 ശതമാനം ശേഷിയിൽ വളരെ കുറവാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മധ്യ അറബിക്കടല്‍, കര്‍ണാടക, തെക്കന്‍ കൊങ്കണ്‍, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ഉപ-ഹിമാലയന്‍ പശ്ചിമ ബംഗാള്‍, സിക്കിം, ഒഡീഷയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അടുത്ത ജൂൺ 25നകം മഴ ശക്തി പ്രാപിക്കുമെന്ന് ഐഎംഡി ഡി ശിവാനന്ദ പറഞ്ഞു.
ജൂണ്‍ പകുതിയോടെയാണ് രാജ്യത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം പ്രദേശത്തും മണ്‍സൂണെത്തുന്നത്. എന്നാല്‍ ഈ വര്‍ഷം അതിന്‍റെ 10 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളു. 15 ദിവസത്തെ മഴക്കുറവ് രാജ്യത്തെയാകെ ബാധിച്ചിട്ടുണ്ട്. എന്നാലും ജൂണ്‍ 20 ആകുന്നതോടെ സ്ഥിതി മെച്ചപ്പെടാമെന്ന് 'സ്വകാര്യ കാലാവസ്ഥാ പ്രവചകനായ സ്‌കൈമെറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ ജതിന്‍ സിംഗ് പറയുന്നു.