മുംബൈ: ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്ഷണിച്ചിരുന്നവെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. എന്നാല്‍ താനത് നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വ്യക്‌തിപരമായി ഞങ്ങള്‍ തമ്മില്‍ വളരെയധികം അടുത്ത ബന്ധമുണ്ട്. അത് തുടരുക തന്നെ ചെയ്യും, എന്നാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് താന്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് പവാര്‍ വ്യക്‌തമാക്കി.
അതേസമയം ശരദ് പവാറിന് മോദി രാഷ്‌ട്രപതി പദം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന വാര്‍ത്തയും പവാര്‍ നിഷേധിച്ചു. എന്നാല്‍ തന്‍റെ മകള്‍ സുപ്രിയയെ കേന്ദ്രമന്ത്രിയാക്കാമെന്ന് മോദി പറഞ്ഞിരുന്നുവെന്ന് പവാര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പവാറിന്‍റെ വെളിപ്പെടുത്തല്‍. ബാരമതിയില്‍ നിന്നുള്ള എംപിയാണ് സുപ്രിയ.
മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ നരേന്ദ്ര മോദിയും, ശരദ് പവാറും ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാല എന്‍സിപി എന്‍ഡിഎയുടെ ഭാഗമാകുമെന്നും, മഹാരാഷ്‌ട്രയില്‍ എന്‍സിപി- ബിജെപി സഖ്യം അധികാരത്തിലേറുമെന്നും, ശരദ് പവാര്‍ രാഷ്‌ട്രപതിയാകുമെന്നുള്ള തരത്തില്‍ നിരവധി വാര്‍ത്തകളും പുറത്തുവന്നിരുന്നു.