ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ തുറന്ന കത്ത്. ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ജാമ്യമില്ലാ കുറ്റമാക്കണമെന്നും കത്തില്‍ താരങ്ങള്‍ ആവശ്യപ്പെടുന്നു. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, അനുരാഗ് കശ്യപ്, മണിരത്നം, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നടി രേവതി, കൊങ്കണ സെന്‍ ശര്‍മ തുടങ്ങിയ 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ആള്‍ക്കൂട്ടക്കൊലകള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. രാജ്യത്തിലെ 14% വരുന്ന മുസ്ലീങ്ങളില്‍ 62% പേരും അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു. 14% വരുന്ന ക്രൈസ്തവരും ആക്രമിക്കപ്പെടുന്നു. ഇതില്‍ 90% കേസുകളും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ന് ശേഷമാണെന്നും കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമണങ്ങളെ വിമര്‍ശിക്കുന്നതല്ലാതെ ശക്തമായ നടപടി മോദി സ്വീകരിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു. മതത്തിന്‍റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ വിമര്‍ശിക്കുന്ന താരങ്ങള്‍ ജയ് ശ്രീറാം വിളി യുദ്ധത്തിനുള്ള ആഹ്വാനമായി മാറിയെന്നും കുറ്റപ്പെടുത്തുന്നു.