ന്യൂഡല്‍ഹി: ലൈംഗികാരോപണത്തെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി എംജെ അക്‌ബര്‍ സമര്‍പ്പിച്ച അപകീര്‍ത്തി കേസ് വാദം കേള്‍ക്കല്‍ ഡല്‍ഹിയിലെ മറ്റൊരു കോടതിയിലേക്ക് മാറ്റും. മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിക്കെതിരെയാണ് എംജെ അക്‌ബര്‍ അപകീര്‍ത്തി കേസ് ഡല്‍ഹി കോടതിയില്‍ ഫയല്‍ ചെയ്‌തിരുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ മാത്രമേ റൗസ് അവന്യൂ കോര്‍ട്ടില്‍ പരിഗണിക്കുകയുള്ളുവെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹുജ വ്യക്തമാക്കി. വിഷയം ഡിസ്ട്രിക്‌ട് ആന്‍റ് സെഷന്‍ ജഡ്‌ജിന് മുന്‍പാകെ ഒക്‌ടോബര്‍ 14ന് പരിഗണിക്കാനായി നീക്കിയിട്ടുണ്ട്.
മീ ടു ക്യാമ്പയിനിന്‍റെ ഭാഗമായി 2018ലാണ് എംജെ അക്‌ബറിനെതിരെ പ്രിയ രമണി ലൈംഗികാരോപണം ഉന്നയിച്ചത്. തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന മന്ത്രി പ്രിയ രമണിക്കെതിരെ മാനനഷ്‌ടകേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആരോപണങ്ങള്‍ തെറ്റാണെന്നും തനിക്ക് മാനനഷ്‌ടമുണ്ടായെന്നും വ്യക്തമാക്കിയായിരുന്നു എംജെ അക്‌ബര്‍ കേസ് നല്‍കിയത്. അക്‌ബറിനെതിരെ ലൈംഗികാരോപണമുന്നയിച്ച നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പ്രിയ രമണി.