ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപങ്ങളെ കുറിച്ച് പ്രതികരിക്കാൻ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ചര്‍ച്ചയാകുന്നു. സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നേതാവ് എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്ന ചോദ്യമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഉയരുന്നത്. എന്നാല്‍ രാഹുല്‍ രാജ്യത്ത് ഇല്ലെന്ന സൂചനയാണ് അദ്ദേഹത്തിന്‍റെ ഓഫീസ് വൃത്തങ്ങള്‍ നല്‍കുന്നത്.
പാര്‍ട്ടിക്കുള്ളിലെ നീക്കങ്ങളില്‍ രാഹുല്‍ അതൃപ്തനാണെന്നും ആരോപണമുണ്ട്. ഇതിനിടെ ഏപ്രിലില്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷനായി രാഹുലെത്തുമെന്നും സൂചനയുണ്ട്. ആരെ അധ്യക്ഷനാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നതായാണ് വിവരം. അധ്യക്ഷ തര്‍ക്കത്തില്‍ അനില്‍ ശാസ്ത്രിയെ പോലുള്ളവര്‍ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടിയും മുതിര്‍ന്ന നേതാക്കളായ മനീഷ് തിവാരി പക്ഷം സോണിയാ ഗാന്ധിക്ക് വേണ്ടിയുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആശയപരമായ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കാൻ എത്രയും വേഗം അധ്യക്ഷനെ കണ്ടെത്തണമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.