ഹൈദരാബാദ്: തെലങ്കാന ഖമ്മം ജില്ലയില്‍ മുസ്‌തഫ നഗറിൽ പീഡനശ്രമം എതിർത്ത 13 കാരിയെ ജീവനോടെ കത്തിച്ചതായി പരാതി. ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ പെൺകുട്ടിയെ ഖമ്മം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 26 കാരനായ പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 18 നാണ് സംഭവം നടന്നതെന്നും ആക്രമണം നടന്ന് 17 ദിവസങ്ങൾക്ക് ശേഷമാണ് സംഭവം പുറത്ത് അറിയുന്നതെന്നും പൊലീസ് പറഞ്ഞു. മെച്ചപ്പെട്ട ചികിത്സയ്ക്കായി പെൺകുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്.
പെൺകുട്ടി ജോലിക്ക് നിന്നിരുന്ന വീട്ടുടമയുടെ മകൻ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതായും തുടർന്ന് പെൺകുട്ടി എതിർത്തതോടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആരാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. അഡീഷണൽ ഡിസിപി പൂജ, എസിപി അഞ്ജനേയുലു തുടങ്ങിയവർ ആശുപത്രിയിൽ ആക്രമണത്തിന് ഇരയായ പെൺകുട്ടിയോടും കുടുംബാംഗങ്ങളോടും സംസാരിച്ചു.
സെപ്റ്റംബർ 18 ന് രാവിലെ തീ പിടിച്ച നിലയിൽ പൂജാ മുറിയിൽ നിന്ന് ഓടി വന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വീട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവം നടന്ന് പതിനേഴ് ദിവസം വരെ ആരും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.