ഭോപ്പാൽ: മധ്യപ്രദേശിലെ റെവയിൽ 16 വയസുകാരിയെ അമ്മാവനും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വൻസ്പതി റാവത്ത്, അങ്കിത് റാവത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ റേവയിലെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഒക്ടോബർ എട്ടിന് വൈകിട്ട് പെൺകുട്ടിയുടെ ജന്മദിനാഘോഷ പരിപാടിയ്ക്കിടെയാണ് സംഭവം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. മൂർച്ചയേറിയ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുപേർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ആക്രമിക്കുകയായിരുന്നു.
ആന്തരിക പരിക്കുകളോടെ പെൺകുട്ടിയെ റേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്രതികൾക്കെതിരെ കുടുംബം റേവ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതി ഏകാന്തമായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.ഇന്ത്യൻ പീനൽ കോഡ്, പോക്സോ എന്നിവ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.