കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തില്‍ സംശയം പ്രകടിപ്പിച്ച് പൗരത്വം, പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

രാഹുല്‍ ഗാന്ധിയുടെ പേരില്‍ യുകെയില്‍ 2003 ല്‍ ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. കമ്പനി വാര്‍ഷിക റിട്ടേണുകളില്‍ ഫയല്‍ ചെയ്ത പ്രകാരം ജനനം19/06/1970 എന്നാണ് നല്‍കിയിട്ടുള്ളത്. ദേശീയത ബ്രിട്ടീഷുകാരനാണെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ അമേഠിയില്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഇന്ത്യന്‍ പൗരത്വമാണ് നല്‍കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുലെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ആഭ്യന്തരമന്ത്രാലയ പൗരത്വ വിഭാഗ ഡയറക്ടര്‍ ബി സി ജോഷിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് വിശദീകരണം തേടിയിരിക്കുന്നത്.
ഏപ്രില്‍ 20 ന് ഉത്തര്‍പ്രദേശിലെ അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ധ്രുവല്‍ലാലും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്, പൗരത്വം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ സംബന്ധിച്ചാണ് പരാതി ഉയര്‍ത്തിയത്. വയനാട്, അമേഠി മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ഇന്ത്യന്‍ പൗരത്വമാണ് നല്‍കിയിരിക്കുന്നത്.