ജയ്‌പൂർ: കൊവിഡ് 19നെ പ്രതിരോധിക്കാൻ രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജസ്ഥാനിലെ ഭരത്പൂരിൽ കുടുങ്ങിക്കിടക്കുകയാണ് നിരവധി അതിഥി തൊഴിലാളികൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവർ ദിവസ വേതനക്കാരാണ്. വാടക നൽകാൻ കഴിയാത്തതിനാൽ റോഡരികിൽ താമസിക്കേണ്ട അവസ്ഥയാണിപ്പോൾ. സംസ്ഥാന സർക്കാർ ഭക്ഷണം നൽകുന്നുണ്ടെങ്കിലും അത് തികയാറില്ലെന്ന് ഇവർ പറയുന്നു. “ഞങ്ങൾ 33 പേരാണ് ഉള്ളത്. 20 കിലോ ഗോതമ്പ് മാവ് നൽകി. നാല് ദിവസം ഇതുകൊണ്ട് ജീവിച്ചെന്നും കുടിക്കാൻ വെള്ളമോ കാലിൽ ധരിക്കാൻ സ്ലിപ്പറുകളോ ഇല്ല" അവരിൽ ഒരാൾ പറഞ്ഞു.
വാഹനങ്ങൾ ഇല്ലാത്തതിനാൽ വീടുകളിൽ എത്താനും ഇവർക്ക് കഴിയുന്നില്ല. സന്മനസുള്ളവർ നൽകുന്ന ഭക്ഷണം ആശ്രയിച്ചാണ് ഇപ്പോൾ ജീവിക്കുന്നത്. ആഹാരമില്ലാതെ, സ്വന്തം നാടുകളിലേക്ക് മടങ്ങാനാകാതെ വളരെ ദുരിത പൂർണമായിരിക്കുകയാണ് ഇവരുടെ ജീവിതം. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിൽ ഒത്തുകൂടിയിരുന്നു. എന്നാൽ സാമൂഹിക അകലം പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ധിക്കരിച്ചെന്നാരോപിച്ച് അവർക്കെതിരെ പൊലീസ് കേസ് എടുത്തു.