ന്യൂഡൽഹി: അതിഥി തൊഴിലാളികളുടെ വിഷയത്തിൽ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് മൂന്നാഴ്‌ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് അതിഥി തൊഴിലാളികളുടെ ദുരിതങ്ങളും പ്രശ്‌നങ്ങളും പരിഗണിക്കവെയായിരുന്നു സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.
അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുമ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് പൂർണമല്ലെന്ന് കണ്ടതിനെ തുടർന്നാണ് സംസ്ഥാനങ്ങൾക്ക് മൂന്നാഴ്‌ച സമയം കൂടി കോടതി അനുവദിച്ചത്.
അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്തേക്ക് അയക്കണമെന്നും അവരുടെ പുനരധിവാസത്തിനായി നടപടികൾ സ്വീകരിക്കാനും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി ജൂൺ ഒമ്പതിന് നിർദേശം നൽകിയിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന കേസുകൾ പിൻവലിക്കുന്നത് പരിഗണിക്കണമെന്നും കോടതി അധികൃതർക്ക് നിർദേശം നൽകി.