ലക്‌നൗ: കൊവിഡ് പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. കോട്ടയില്‍ നിന്നും വിദ്യാര്‍ഥികളെ ഉത്തര്‍പ്രദേശിലെത്തിച്ചതിന് ബസുകള്‍ ഉപയോഗിച്ചതിലേക്കായി 36 ലക്ഷത്തിന്‍റെ ബില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ യുപി സര്‍ക്കാറിന് നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസിന്‍റെ യഥാര്‍ഥ മുഖം വെളിപ്പെട്ടു. ഒരു വശത്ത് വിദ്യാര്‍ഥികളെ കൊണ്ടുവന്നതിനായി ബില്ലുകള്‍ അയക്കുന്നു മറുവശത്ത് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് അയക്കാനായി ബസുകളുമായെത്തുന്നുവെന്നും ദിനേശ് ശര്‍മ പറഞ്ഞു.
യുപി സര്‍ക്കാര്‍ 27000 ബസുകളാണ് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 19 ലക്ഷത്തിന്‍റെ ബില്‍ മെയ് 5 ന് തന്നെ രാജസ്ഥാന്‍ സര്‍ക്കാറിന് നല്‍കിയതാണെന്നും അതിലാണ് ഇപ്പോള്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 10,000 വിദ്യാര്‍ഥികളാണ് ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിയതെന്നും ബസുകളുടെ പരിമിതി മൂലം രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ 94 ബസുകള്‍ ആവശ്യപ്പെട്ടിരുന്നെന്നും തുടര്‍ന്ന് 19 ലക്ഷത്തിന്‍റെ ബില്‍ നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.