ന്യൂഡല്‍ഹി: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ സുരക്ഷ പിൻവലിച്ചുവെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മൗനം തുടരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും എൻസിപി നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടും വിഷയത്തില്‍ സ്ഥിരീകരണം നല്‍കാനോ നിര്‍ദേശം പുറപ്പെടുവിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്ര നീക്കം രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമാണെന്ന് എന്‍.സി.പി ആരോപിച്ചു.
ഡല്‍ഹിയില്‍ 'വൈ' കാറ്റഗറി സുരക്ഷയും മഹാരാഷ്ട്രയില്‍ 'ഇസഡ്' സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിവിഐപികള്‍ക്ക് സുരക്ഷാ ഉറപ്പാക്കേണ്ട ഐ.ടി.ബി.പി, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവയില്‍ നിന്ന് പവാറിന് പരിരക്ഷ ലഭിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ അഞ്ച് ദിവസമായി ജോലിക്ക് എത്തുന്നില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ വിവിഐപി വസതികളില്‍ സുരക്ഷ ഉറപ്പാക്കേണ്ട ഡല്‍ഹി പൊലീസിന് ഇത്തരമൊരു നീക്കത്തെ കുറിച്ച് വിവരമില്ലെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.