ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പ്രക്രിയയുടെ മാർഗരേഖ തയ്യാറാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ വിതരണത്തിനുള്ള മുഴുവൻ നടപടികളും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പുനിയ സലീല ശ്രീവാസ്തവയെയും നിരീക്ഷണ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. സുഗമമായ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ഭല്ല ബുധനാഴ്ച വീഡിയോ കോൺഫറൻസിൽ അറിയിച്ചു.
കൊവിഡ് വാക്സിൻ വിതരണത്തിനുളള ഒരുക്കങ്ങൾ സർക്കാർ ആരംഭിച്ചതായി ഭല്ല ഉദ്യോഗസ്ഥരോട് പറഞ്ഞു. ആരോഗ്യ സംരക്ഷണ പ്രവർത്തകർ, ഫ്രണ്ട് ലൈൻ തൊഴിലാളികൾ, 50 വയസും അതിൽ കൂടുതലുമുള്ളവർ, 50 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് പ്രാഥമിക ഘട്ടത്തിൽ മുൻഗണന നൽകാൻ നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.
ഗുണഭോക്താക്കളെ തിരിച്ചറിയൽ, ഡാറ്റാബേസ് തയ്യാറാക്കൽ, വാക്സിൻ ഡെലിവറി, സംഭരണം, സുരക്ഷ, ഗതാഗതം, കുത്തിവയ്പ്പ് എന്നിവ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അവലോകന യോഗം ചേർന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അനുബന്ധ സംഘടനകളും യോഗത്തിൽ പങ്കെടുത്തു.