ഉത്തർപ്രദേശ്: ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനങ്ങളുമായി ബി എസ് പി നേതാവ് മായാവതി. ഉത്തർപ്രദേശിൽ എസ് പി - ബി എസ് പി - ആർഎൽഡി സഖ്യത്തിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മായാവതി.
വെറുപ്പിനാൽ പ്രചോദിതമായ നയങ്ങൾ സ്വീകരിച്ചതു കൊണ്ട് ബിജെപിക്ക് ഭരണം നഷ്ടമാകും. ചൗക്കീദാർ ക്യാമ്പെയിൻ ബിജെപിക്ക് ഒരു ഗുണവും ചെയ്യില്ലെന്നും മായാവതി പറഞ്ഞു. ഇത്രയും വർഷം ഭരിച്ചിട്ടും കോൺഗ്രസം പരാജയപ്പെട്ടുവെന്നും മായാവതി ആരോപിച്ചു.
തങ്ങൾ അധികാരത്തിൽ വരികയാണെങ്കിൽ പാവങ്ങൾക്ക് എല്ലാ മാസം പണം നൽകുന്നതിന് പകരം ജോലി നൽകും. കോൺഗ്രസിന്‍റെ ന്യായ് പദ്ധതി രാജ്യത്തിൽ നിന്ന് ദാരിദ്ര്യം അകറ്റാൻ സഹായിക്കുന്നില്ല. സംവരണത്തിന്‍റെ പേരിൽ പിന്നാക്ക വിഭാഗങ്ങളെ ദുരുപയോഗം ചെയ്യുക്കയാണ് ബിജെപി സർക്കാരെന്നും മായാവതി ആരോപിച്ചു.
കോൺഗ്രസ് ബോഫേഴ്സിന്‍റെയും ബിജെപി റാഫേലിന്‍റെയും കുരുക്കിലാണ്. സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണ്. ഇനി ഒരു അവസരം കൂടി ഇവർക്ക് നൽകേണ്ടതില്ലെന്നും മായാവതി പറഞ്ഞു.