ലക്‌നൗ: പ്രണയാഭ്യർഥന നിരസിച്ച 19 വയസുകാരിയെ കുത്തിക്കൊന്നു. ഗാസിയാബാദ് സ്വദേശിയായ നൈനാ സിങ്ങാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഷേർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജൂൺ 17നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പ്രണയാഭ്യർഥനയുമായി നിരവധി തവണ ഷേർ ഖാൻ പെൺകുട്ടിയെ സമീപിച്ചിരുന്നെന്നും കോളജിൽ ചെന്ന് പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് രണ്ട് സുഹ്യത്തുക്കളുടെ സഹായത്തോടെയാണ് ഇയാൾ കൃത്യം നടത്തിയത്.
വയറ്റിലും കഴുത്തിലും ആഴത്തിൽ കുത്തേറ്റതിനെത്തുടർന്ന് പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഷേർ ഖാൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. അതേസമയം, പ്രതികളുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.